Monday, 13 July 2015

കുഴികള്‍ നിറഞ്ഞ് എം.സി. റോഡ് യാത്ര മുടങ്ങി ബസ്സുകള്‍

കൂത്താട്ടുകുളം: ഒരു കുഴിയില്‍ നിന്നും മറ്റൊരു കുഴിയിലേക്ക്. കുഴികളില്‍ ഇറങ്ങിക്കയറുന്ന ബസ്സിലെ യാത്രക്കാര്‍ക്ക് നടുവേദന. കുറച്ചു കഴിയുമ്പോള്‍ മുന്നോട്ട് പോകില്ല. ബസ് വഴിയിലും യാത്രക്കാര്‍ പെരുവഴിയിലും. സംസ്ഥാന പാതയായ എം.സി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ സ്ഥിതിയാണിത് .

ഞായറാഴ്ച കോട്ടയത്തുനിന്ന് കൂത്താട്ടുകുളം വഴി മൂന്നാറിലേക്കുള്ള സര്‍ക്കാര്‍ ബസ്സില്‍ യാത്രചെയ്തവരാണ് ബസ് കേടായതോടെ ബുദ്ധിമുട്ടിലായത്. കാലിക്കട്ട് കവലയിലെ വലിയ കുഴികളില്‍ വീണ ബസ് ബി.പി.സി.എല്‍. പമ്പ് കവലയിലെത്തിയപ്പോഴേക്കും യാത്രമുടക്കി. അടിമാലി ഭാഗത്തേക്ക് കൂത്താട്ടുകുളം വഴി സര്‍ക്കാര്‍ ബസ്സുകള്‍ കുറവാണ്. മൂവാറ്റുപുഴ-കോതമംഗലം ബസ്സുകളില്‍ കയറി ഏറെ ബുദ്ധിമുട്ടിയാണ് വിനോദയാത്രാ സംഘത്തിലുള്ളവരും ഹൈറേഞ്ചിലേക്കുള്ള യാത്രക്കാരും മൂന്നാറിലേക്ക് പോയത്.

മൂന്നടി താഴ്ചയുള്ള വലിയ കുഴികളാണ് മേരിഗിരി സ്‌കൂള്‍ കവലയ്ക്കും കാലിക്കട്ട് കവലയ്ക്കുമിടയിലുള്ളത്. ചെറിയ കാറുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും കുഴിയില്‍ വീണ് കേടുപറ്റുന്നു.

എം.സി. റോഡിന്റെ പുതുവേലി കവല മുതല്‍ ആറൂര്‍ക്കവല വരെയുള്ള ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി.) പ്രകാരമാണ് എം.സി. റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏറ്റുമാനൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയാണ് ഇനി ജോലികള്‍ നടക്കേണ്ടത് .പൊതുമരാമത്ത് വകുപ്പിന് എം.സി. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നിലവില്‍ ചുമതലയില്ല. റോഡ് കെ.എസ്.ടി.പി.ക്ക് രണ്ട് വര്‍ഷം മുമ്പ് കൈമാറിയതാണ് . 

ഈ വര്‍ഷം തുടക്കത്തിലാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. റോഡ് വികസനം പൂര്‍ത്തിയാക്കുന്നതുവരെ റോഡ് സഞ്ചാരയോഗ്യമാക്കേണ്ടത് കെ.എസ്.ടി.പി.യാണ് . കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. പുതുവേലി സ്‌കൂള്‍ വളവ്, പാലം കവല, ചോരക്കുഴിത്താഴം, കൂത്താട്ടുകുളം സൗത്ത് ജംങ്ഷന്‍,ടി.ബി. റോഡ്, പഴയറോഡ് കവല, രാമപുരം കവല, ഓണംകുന്ന് ക്ഷേത്രക്കവല, എസ്.ബി.ടി. ഭാഗം, സര്‍ക്കാര്‍ ആസ്​പത്രി വിഭാഗം, കരിമ്പനപ്പാലം, വടക്കന്‍ പാലക്കുഴ, ആറൂര്‍ എന്നിവിടങ്ങളിലെല്ലാം വലിയ കുഴികളാണ് .